തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നവരുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയിലിരിക്കെ ഒരു ഫയലില്‍ മുഖ്യമന്ത്രിയുടെ കൈയൊപ്പിട്ടത് സ്വപ്‌ന സുരേഷാണോ ശിവശങ്കറാണോ എന്നും അദ്ദേഹം ചോദിച്ചു. ‘2018-ല്‍ സെപ്തംബര്‍ രണ്ടാം തിയതിയാണ് ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. തിരിച്ച് വരുന്നത് സെപ്തംബര്‍ 23-നാണ്. സെപ്തംബര്‍ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരു ഫയല്‍ എത്തുന്നു. മലയാള ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തില്‍ നിന്നുള്ള ഒരു സാധാരണ ഫയലാണ് അത്. സെപ്തംബര്‍ ഒമ്പതിന് മുഖ്യമന്ത്രി ഈ ഫയലില്‍ ഒപ്പുവെച്ചിരിക്കുന്നു. മുഖ്യമന്ത്രി മയോ ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന സമയത്താണ് ഈ ഫയലില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഡിജിറ്റല്‍ സിഗ്നേച്ചറല്ല’ സന്ദീപ് വാര്യര്‍ പറഞ്ഞു. ഈ ഫയലില്‍ ഒപ്പുവെച്ചത് ശിവശങ്കറോ സ്വപ്‌ന സുരേഷോ ആണോ? മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്ന ആള്‍ ഉണ്ടോ?, അങ്ങനെ കള്ളയൊപ്പിടാന്‍ ഒരാളെ പാര്‍ട്ടിയറിഞ്ഞ് നിയോഗിച്ചിട്ടുണ്ടോ?, ഒപ്പിടാന്‍ വേണ്ടി ഏതെങ്കില്‍ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ കൊടുത്തിട്ടുണ്ടോ… ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്നും ബിജെപി നേതാവ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാര്‍ ഇത്തരത്തിലുള്ള യാത്രകളില്‍ എന്താണ് ചെയ്തിരുന്നതെന്ന് താന്‍ പരിശോധിച്ചു. കെ.കരുണാകരന്റെ കാലത്ത് ചെയ്തിരുന്നത് മുഖ്യമന്ത്രിയുടെ അറിവോടുകൂടി എന്നെഴുതി ചീഫ് സെക്രട്ടറിയാണ് ഫയലുകളില്‍ ഒപ്പുവെച്ചിരുന്നതെന്ന് മനസ്സിലാക്കാനായി. അതാണ് കീഴ്‌വഴക്കം. ഈ സംഭവത്തിന് ശേഷമാണ് എം.വി.ജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷക്കാലം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോയ ഫയലുകള്‍ മുഴുവന്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2020-09-03
