തലശ്ശേരി: തലശ്ശേരി പൊന്ന്യം ചൂളിയില്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമെന്ന് പോലീസ് പറഞ്ഞു. കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥലമാണിത്. പുഴയോട് ചേര്‍ന്നുള്ള സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് പേര്‍ പുഴയിലേക്ക് ചാടിയെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 12 സ്റ്റീല്‍ ബോംബുകളും കണ്ടെടുത്തു. ഇവ പോലീസിന്റെ നേതൃത്വത്തില്‍ നിര്‍വീര്യമാക്കുന്ന നടപടികള്‍ ആരംഭിച്ചു.മൂന്ന് പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. ഇവരില്‍ രണ്ട് പേര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലും ചികിത്സയിലാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൈപ്പത്തിക്കും കാലുകള്‍ക്കും പരിക്കുണ്ടെന്നും കൈപ്പത്തി തകര്‍ന്നു എന്നുമാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *