മലപ്പുറം: കല്‍പകഞ്ചേരിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി ഒളിവിൽ .ഒരു മതസ്ഥാപനത്തിലെ അദ്ധ്യാപകനായ സലാഹുദ്ദീന്‍ ബുഹാരിയാണ് പ്രതിസ്ഥാനത്തുള്ളത്. ഉന്നത ബന്ധങ്ങളുള്ള സലാഹുദ്ദീന്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ വേണ്ടി വലിയ ശ്രമങ്ങള്‍ നടത്തുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വാടാനപ്പള്ളിയില്‍ ഭാര്യയും നാല് മക്കളുമുള്ള സലാഹുദ്ദീന്‍ ഈ വിവരങ്ങള്‍ മറച്ചുവെച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലായത്. വിവാഹം കഴിക്കാമെന്ന് ഉറപ്പും നല്‍കി. ഒരു ദിവസം കാറില്‍വെച്ച് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിക്കാനായി സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഒരു ചടങ്ങ് നടത്തുകയും കാറില്‍ വെച്ച് നടത്തിയത് നിക്കാഹാണെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുകയും ചെയ്തിട്ടാണത്രെ ഇയാൾ ഈ കുട്ടിയെ പീഡിപ്പിച്ചത്.പ്രതിയുടെ സുഹൃത്തുക്കളായ രണ്ട് മദ്രസ അദ്ധ്യാപകരാണ് കാറില്‍ വ്യാജ സാക്ഷികളായി ഉണ്ടായിരുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 17 വയസ്സും 8 മാസവും പ്രായമുള്ളപ്പോള്‍ വന്ന രണ്ട് വിവാഹ ആലോചനകള്‍ സലാഹുദ്ദീന്‍ ബുഹാരി ഇടപെട്ട് മുടക്കിയതോടെയാണ് വീട്ടുകാര്‍ക്ക് സംശയമായത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഈ സമയത്ത് വിവാഹം നടത്തിയാല്‍ കേസ് ഉണ്ടാകുമെന്നും പറഞ്ഞാണ് സലാഹുദ്ദീന്‍ വിവാഹ ആലോചനകള്‍ മുടക്കിയത്. പിന്നീട് വീട്ടുകാര്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്തറിയുന്നത്. പെണ്‍കുട്ടിയും സലാഹുദ്ദീനും തമ്മിലുള്ള ചാറ്റുകളും കണ്ടെത്തി. ഐപിസി 363, 354എ,പോക്സോ ആക്‌ട്, ജുവൈനല്‍ ജസ്റ്റിസ് ആക്‌ട്, ഐടി ആക്‌ട് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ കല്‍പകഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്.
