അശ്ലീല വീഡിയോ; യൂട്യൂബറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ യൂട്യൂബറെ താമസസ്ഥലത്ത് ചെന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. മര്‍ദ്ദനമേറ്റ യൂട്യൂബര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. ഭാഗ്യലക്ഷ്മിയെ കൂടാതെ ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിജയ് നായര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഓഫീസില്‍ അതിക്രമിച്ചു കയറി, ഭീഷണി, കയ്യേറ്റം, മൊബൈല്‍. ലാപ്ടോപ്പ് എന്നിവ അപഹരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പരാതിയില്‍ ആരോപിക്കുന്നത്. പരാതിയില്‍ തമ്ബാന്നൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസമാണ് വിജയ് നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തത്. യൂട്യൂബില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റുചെയ്യുകയും ഫെമിനിസ്റ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്തതിന്‍റെ പേരിലായിരുന്നു ഇത്. ഫെയ്സ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *