ന്യൂഡല്‍ഹി: സംസ്ഥാനത്ത് ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതാനും മാസത്തേക്കു മാത്രമായി ഉപ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ കമ്മിഷന്‍ തീരുമാനിച്ചത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏതാനും മാസത്തേക്കുവേണ്ടി, ഈ അസംബ്ലി മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട എന്നു സംസ്ഥാന സര്‍ക്കാര്‍ കമ്മിഷനെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും ഇക്കാര്യത്തില്‍ ധാരണയായിരുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നയാള്‍ക്ക് കേവലം മൂന്നുമാസം മാത്രമേ പ്രവര്‍ത്തിക്കാന്‍ ലഭിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട ഭീമമായ ചെലവും സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന്‍ സിഇഒ ഉമേഷ് സിന്‍ഹയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര നിയമമന്ത്രാലയത്തിന്റെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെയും അഭിപ്രായം തേടിയ ശേഷമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചത്.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കാനാണ് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അടുത്ത ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളോടൊപ്പംതന്നെ ഈ രണ്ട് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം അസം, പശ്ചിമബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും കമ്മീഷന്‍ ഒഴിവാക്കിയിട്ടുണ്ട്. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് കുട്ടനാട്ടിലും ഇടത് സ്വതന്ത്രനായി വിജയിച്ച വിജയന്‍പിള്ളയുടെ നിര്യാണത്തെത്തുടര്‍ന്ന് ചവറയിലും തിരഞ്ഞെടുപ്പ് വേണ്ടിവരികയായിരുന്നു.

