കണ്ണഞ്ചേരി കെട്ടിടം തകർന്നു വീണതിൽ ആളപായം കുറഞ്ഞത് കണ്ടെയ്ന്മെന്റ് സോണായതിനാല്‍,വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കെട്ടിടം വീഴുന്ന ശബ്ദംകേട്ടാണ് പരിസരവാസികൾ ഓടിയെത്തിയത്. കെട്ടിടത്തിനടിയിൽ എത്ര പേരുണ്ടാകുമെന്ന ആശങ്കയായിരുന്നു പ്രദേശവാസികളിൽ.കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും റോഡിലേക്ക് വീണിരുന്നു. കണ്ണഞ്ചേരി നടുവീട്ടില്‍ രാമചന്ദ്രനാ(64)ണ് മരിച്ചത്. രാമചന്ദ്രന്റെ മൃതദേഹം അപകടം നടന്ന് അര മണിക്കൂര്‍ പിന്നിട്ടതോടെ സ്ലാബ് പൊളിച്ച് പുറത്തെടുക്കാനായി. മുകളിലെ നിലയില്‍ ദീപ ഫാന്‍സി കടയുടെ ഗോഡൗണില്‍ വാതില്‍ കട്ടിലിനടിയില്‍ മുഖം അമര്‍ന്ന നിലയിലായിരുന്നു മൃതദേഹം. കാര്യമായ പരിക്കൊന്നും കാഴ്ചയിലില്ലായിരുന്നു. പതിവായി മൂന്ന് പേര്‍ അദ്ദേഹത്തോടൊപ്പം ഇവിടെ ഉണ്ടാവാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
എട്ട് മുറികളുള്ള കെട്ടിടത്തില്‍ ടെയിലര്‍ഷോപ്പ്, വാടക സ്റ്റോര്‍, സ്വര്‍ണപണയവായ്പ സ്ഥാപനം, ഗോഡൗണ്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്നു. ചതുപ്പ് നിലത്തായിരുന്നു കെട്ടിടം നിന്നത്. പിന്നില്‍ വെള്ളക്കെട്ടുമുണ്ട്. അടിത്തറയടക്കം തകര്‍ന്നുപോയിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണായതിനാല്‍ കടകള്‍ നേരത്തെ അടച്ചത് ആളപായം കുറയാന്‍ കാരണമായി. പൊതുവെ റോഡില്‍ തിരക്കില്ലാത്ത സമയത്താണ് അപകടമുണ്ടായത്. രണ്ട് ജെ.സി.ബിയുപയോഗിച്ചാണ് സ്ലാബ് നീക്കംചെയ്തത്. മീഞ്ചന്ത, ബീച്ച് ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് പത്ത് യൂനിറ്റ് ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനത്തിനെത്തി. എം.കെ. രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കൗണ്‍സിലര്‍ നമ്ബിടി നാരായണന്‍, ജില്ല കലക്ടര്‍ വി.സാംബശിവ റാവു, തഹസില്‍ദാര്‍ ഗോകുല്‍ദാസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ റഷീദ്, രജീഷ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അസി. കമീഷണറുടെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ചു.
