കോഴിക്കോട്: കോവിഡ് രോഗിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അത്തോളി ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ അശ്വിനാണ് കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.  യുവതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ മാതാപിതാക്കളെയും പിന്നീട് കോവിഡ് പോസിറ്റീവായി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് ഹൃദ്രോഗിയായതിനാല്‍ മാതാവിനൊപ്പം ഒരു മുറിയില്‍ സൗകര്യം ചെയ്തുകൊടുക്കണമെന്ന് യുവതി ആശുപത്രി അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവതി മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാരനായ അശ്വിന്‍ യുവതിയെ ശല്യംചെയ്യാന്‍ തുടങ്ങിയത്.

ആശുപത്രിയിലെ രജിസ്റ്ററില്‍നിന്ന് യുവതിയുടെ നമ്പര്‍ ശേഖരിച്ച അശ്വിന്‍ ആദ്യം വാട്‌സാപ്പിലേക്ക് നിരന്തരം അശ്ലീലച്ചുവയിലുള്ള സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. മോശമായ രീതിയില്‍ സന്ദേശമയക്കുന്നത് തുടര്‍ന്നതോടെ യുവതി ഡോക്ടര്‍മാരെ പരാതി അറിയിച്ചു.തുടർന്നായിരുന്നു പീഡന ശ്രമം.സംഭവത്തില്‍ അത്തോളി പോലീസ് കഴിഞ്ഞദിവസം തന്നെ യുവതിയില്‍നിന്ന് പ്രാഥമികമായ മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ച പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *