മലപ്പുറം: വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ കേസില്‍ യുവാവിനെതിരെ കേസെടുത്തു. കൊളത്തൂര്‍ പൊലീസ് ആണ് കേസെടുത്തത്. പെരിന്തല്‍മണ്ണ പാങ്ങ് സ്വദേശിയായ മുപ്പതുകാരിയുടെ പരാതിയില്‍ ഗള്‍ഫുകാരനും വ്യവസായിയുമായ പാറന്തോട് ഹസന്‍കുട്ടിക്കെതിരെയാണ് കേസ്. മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി. മുത്തലാഖ് കുറ്റകരമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്ന ശേഷമുള്ള ആദ്യകേസാണിതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.ആദ്യഭാര്യയില്‍ രണ്ടു കുട്ടികളുള്ള ഹസന്‍കുട്ടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഈ വിവാഹം ആദ്യഭാര്യ അറിഞ്ഞതോടെയാണ് മുത്തലാഖ് ചൊല്ലി ഇവരെ ഉപേക്ഷിച്ചത്.

പരാതി ഇങ്ങനെ: ഹസന്‍കുട്ടിയുടെ സ്ഥാപനത്തില്‍ അഞ്ചുമാസം മുമ്ബ് ജോലിയില്‍ പ്രവേശിച്ച പരാതിക്കാരിയുമായി ഹസന്‍കുട്ടി അതിവേഗം പരിചയം സ്ഥാപിച്ചു. തനിക്ക് കുടുംബപ്രശ്നങ്ങളുണ്ടെന്ന് ഹസന്‍കുട്ടി പരാതിക്കാരിയോട് പറയാറുണ്ടായിരുന്നു. തുടര്‍ന്ന് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ആലോചനയുമായി യുവതിയുടെ രക്ഷിതാക്കളെ സമീപിക്കുകയും ചെയ്തു. നവംബര്‍ 11ന് യുവതിയുടെ വീട്ടില്‍ വച്ച്‌ വിവാഹം നടന്നു. ആദ്യഭാര്യ അറിയരുതെന്ന നിബന്ധനയോടെ രഹസ്യമായായിരുന്നു ചടങ്ങുകള്‍. മഹല്ലുകളുടെ അനുമതി തേടിയിരുന്നില്ല. വിവാഹധനമായി ഒരുലക്ഷം രൂപ യുവതിക്ക് നല്‍കി. തുടര്‍ന്ന് വിവാഹശേഷം കോട്ടയ്ക്കലിലെ ഹോട്ടലില്‍ അഞ്ചുദിവസം താമസിച്ചു.പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഹസന്‍കുട്ടി ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. വിവാഹത്തിനെടുത്ത രഹസ്യ ഫോട്ടോയും ത്വലാഖ് ചൊല്ലുന്ന ശബ്ദരേഖയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. ഹസന്‍ കുട്ടി ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *