മലപ്പുറം എടപ്പാളില്‍ ആറുമാസം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. എടപ്പാള്‍ സ്വദേശി കിഴക്കേവളപ്പില്‍ ഇര്‍ഷാദിനെയാണ് സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.

2020 ജൂണ്‍ മാസം പതിനൊന്നാം തീയതിയാണ്, 25 കാരനായ ഇര്‍ഷാദ് വീട്ടില്‍ നിന്ന് പോയത്. പിന്നീട് തിരികെ വന്നില്ല. മൊബൈല്‍ ഫോണ്‍ ഓഫായതും തിരികെ വരാത്തതും കാരണം ദുരൂഹത തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇര്‍ഷാദിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന്, 6 മാസങ്ങള്‍ക്ക് ഇപ്പുറമാണ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് സമ്മതിച്ചത്.

വട്ടംകുളം സ്വദേശികളായ അധികാരത്ത്പടി സുഭാഷ്, മേനോന്‍പറമ്ബില്‍ എബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണവിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയത്, തിരിച്ചു നല്‍കേണ്ടി വരുമോ എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെടുത്തിട്ടില്ല. സംഭവ സ്ഥലത്ത് പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പു നടത്തും.

Leave a Reply

Your email address will not be published. Required fields are marked *