കൊച്ചി: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടിറ്റോ ജെറോമിന് ജയിലില്‍ മര്‍ദനമേറ്റതായി തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍.

അവശനിലയിലായ ടിറ്റോയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.അവിടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി ശനിയാഴ്ച 12നു മുന്‍പ് ജയില്‍ വകുപ്പ് ജില്ലാ ജഡ്ജിക്കു റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു. ജയിലില്‍ കഴിയുന്ന മകനെക്കുറിച്ച്‌ ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ടിറ്റോ ജറോമിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ജയിലിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും ജയില്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തുടര്‍ന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെയും ഡിഎംഒയെയും ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. കോടതി ജയിലധികൃതരെ കര്‍ശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി ജയിലിലെത്തി പരിശോധന നടത്തി. ടിറ്റുവിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും കണ്ടെത്തി. സംഭവിച്ചത് സംബന്ധിച്ച്‌ ജയില്‍ ഡിജിപി നാളെത്തന്നെ ജില്ലാ ജഡ്ജിക്ക് റിപ്പോര്‍ട് നല്‍കണം. പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *