കോഴിക്കോട്: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന കുടഞ്ഞെറിഞ്ഞതാകാം കാരണമെന്നാണ് മെഡിക്കല്‍ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റമോര്‍ട്ടം നടന്നത്. വയനാട് മേപ്പാടിയില്‍ പ്രകൃതി പഠന ക്യാമ്ബിനിടെ എളമ്ബലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തിലാണ് യുവതിക്ക് ദാരുണ അന്ത്യം സംഭവിച്ചത്.
കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താറാണ് (26) മരിച്ചത്. മൂന്ന് വര്‍ഷമായി ദാറുന്നുജും കോളജില്‍ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണിത്. അടുത്ത കാലത്താണ് വിനോദ സഞ്ചാരത്തിന് കൂടുതല്‍ പേര്‍ ഈ പ്രദേശത്തേക്ക് എത്താന്‍ തുടങ്ങിയത്. വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. സമീപ പ്രദേശമായ ചുളിക്കയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

