തിരുവനന്തപുരം ∙ കാലടി സംസ്കൃത സർവകലാശാലയിൽ മലയാളം അസി. പ്രഫസറായി തന്റെ ഭാര്യ ആർ. നിനിതയുടെ നിയമനം അട്ടിമറിക്കാൻ മൂന്നു പേർ ചേർന്ന് ഉപജാപം നടത്തിയെന്ന് മുൻ എംപി എം.ബി. രാജേഷ്. ജോലിക്കു ചേർന്നാൽ നിയമനത്തിൽ ക്രമക്കേട് ആരോപിക്കുമെന്ന് നിനിതയെ ഭീഷണിപ്പെടുത്തിയെന്ന് എം.ബി. രാജേഷ് പറഞ്ഞു.

പിൻമാറിയില്ലെങ്കിൽ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്നും ഭീഷണിപ്പെടുത്തി. സമ്മർദത്തിനും ഭീഷണിക്കും വഴങ്ങില്ല എന്ന് തീരുമാനിച്ചപ്പോൾ വിവാദമാക്കി. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന പ്രമുഖനൊപ്പം ജോലി ചെയ്യുന്ന ആൾക്കുവേണ്ടിയായിരുന്നു ഈ നീക്കം. രാഷ്ട്രീയമല്ല, വ്യക്തിതാൽപര്യമാണ് പ്രശ്നമെന്നും എം.ബി. രാജേഷ് പറഞ്ഞു. റാങ്ക് പട്ടികയിൽ അട്ടിമറി നടന്നെന്നു കാട്ടി ഇന്റ‍ർവ്യൂ ബോർഡിലെ സബ്ജക്ട് എക്സ്പർട്ടുമാ ഡോ. ഉമർ തറമേൽ, ഡോ. ടി. പവിത്രൻ, ഡോ. കെ.എം. ഭരതൻ എന്നിവർ വിസിക്ക് ഇമെയിൽ അയച്ചിരുന്നു. നിനിതയ്ക്കു കാലടി സംസ്കൃത സർവകലാശാലയിൽ നിയമനം ലഭിച്ചത് റാങ്ക് പട്ടിക അട്ടിമറിച്ചാണെന്നു വ്യക്തമാക്കുന്ന ഇന്റ‍ർവ്യൂ ബോർഡിലെ സബ്ജക്ട് എക്സ്പർട്ടുമാരുടെ കത്ത് ഇന്ന് പുറത്തുവന്നിരുന്നു. മലയാളം അസിസ്റ്റന്റ് പ്രഫസറായി നിയമിക്കാൻ വേണ്ട അക്കാദമിക് യോഗ്യതകൾ നിനിതയ്ക്കു ഇല്ലെന്നു വിദഗ്ധ സമിതി അംഗങ്ങള്‍ കത്തിൽ വ്യക്തമാക്കുന്നു. ഉയര്‍ന്ന യോഗ്യതകളുള്ള രണ്ടോ അതിലധികമോ പേരെ മറികടന്നാണ് ഇവര്‍ ജോലി കരസ്ഥമാക്കിയതെന്നും കത്ത് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *