മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടകവസ്തുക്കൾ;  ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷ് അല്‍ ഹിന്ദ്

മുംബൈ: വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടകവസ്തുക്കളും ഭീഷണിസന്ദേശവും കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷ് അല്‍ ഹിന്ദ്. ടെലഗ്രാം ആപ്പ് വഴിയാണ് സംഘടന  ഉത്തരവാദിത്വം ഏറ്റെടുത്തത്. തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്തുള്ള സന്ദേശം വരുന്നത്.  ‘അംബാനിയുടെ വീടിനടുത്ത് വാഹനം കൊണ്ടിട്ട തങ്ങളുടെ സഹോദരന്‍ സുരക്ഷിതമായ വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു, വലിയത് ഇനി വരാനിരിക്കുന്നു” എന്ന ഭീഷണി സന്ദേശമാണ് ഇവര്‍ പുറത്ത് വിട്ടത്.

ഇപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെങ്കില്‍ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക’,  സന്ദേശത്തില്‍ പറയുന്നു, ഞങ്ങള്‍ നേരത്തെ നിങ്ങളോട് പറഞ്ഞ പണം ബിറ്റ്കോയിനായി കൈമാറണമന്നും മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും അഭിസംബോധന ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. അവരുടെ താമസസ്ഥലത്തിന് പുറത്ത് നിന്ന് കണ്ടെത്തിയ കാറില്‍ നിന്ന് ഒരു കത്തും കണ്ടെടുത്തിരുന്നു. ഇതൊരു ട്രെയിലര്‍ മാത്രമാണെന്നും കത്തിൽ പറയുന്നു.

സ്‌ഫോടകവസ്തുക്കള്‍ വെച്ച സ്‌കോര്‍പ്പിയോ വാഹനത്തിനൊപ്പം ഒരു ഇന്നോവകൂടി ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. വ്യാജ രജിസ്ട്രേഷന്‍ നമ്പറുള്ള ഇന്നോവ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. താനെയിലെ ഒരു വ്യവസായിയുടേതാണ് സ്‌കോര്‍പ്പിയോ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഉടമസ്ഥനെ പോലീസ് ചോദ്യം ചെയ്തിരുന്നു. തന്റെ വാഹനം ഒരാഴ്ചമുമ്പ് മുളുണ്ട്-ഐറോളി പാതയില്‍വെച്ച് മോഷ്ടിക്കപ്പെട്ടതാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. വാഹനത്തില്‍ കണ്ടെത്തിയ നാല് നമ്പര്‍പ്ലേറ്റുകള്‍ മുകേഷ് അംബാനിയുടെ സുരക്ഷാവ്യൂഹത്തിലെ വാഹനങ്ങളുടേതാണ് എന്നത് പോലീസില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *