എഴുപത്തൊന്നുകാരി ജന്മം നല്‍കിയ പെണ്‍കുഞ്ഞ് 45ാം ദിവസം തൊണ്ടയില്‍ പാല്‍ കുടുങ്ങി മരിച്ചു

ഹരിപ്പാട്: എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45ാം ദിവസം പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മ മാര്‍ച്ച് 18ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജന്മം നല്‍കിയ കുഞ്ഞാണ് മരിച്ചത്. ഒന്നര വര്‍ഷം മുന്‍പ് 35 വയസ്സുള്ള ഇവരുടെ മകന്‍ സുജിത് സൗദിയില്‍ വച്ച് മരിച്ചതോടെയാണ് സുധര്‍മ്മയും റിട്ട.പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ ഓഫീസറായ സുരേന്ദ്രനും മറ്റൊരു കുഞ്ഞ് കൂടി വേണമെന്ന തീരുമാനത്തിലെത്തുന്നത്.

ഇന്നലെ വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായി കുഞ്ഞിനെ ഉടനെ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിന് തൂക്കവും പ്രതിരോധശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇക്കഴിഞ്ഞ 28നാണ് രാമപുരത്തെ വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുവരുന്നത്. കുഞ്ഞിന്റെ തൂക്കം 1100ല്‍ നിന്നും 1400ലേക്ക് ഉയര്‍ന്നതിന്റെ സന്തോഷത്തിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *