കോഴിക്കോട്ട് പത്ത് പേര്‍ക്ക് ബ്ലാക് ഫംഗസ്; രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ക്ക് കാഴ്ച നഷ്ടമായി

കോഴിക്കോട്ട് പത്ത് പേര്‍ക്ക് ബ്ലാക് ഫംഗസ് ബാധിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തരമായി ജില്ലയിലേക്കുള്ള മരുന്ന് ഇന്നെത്തിക്കും. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച് പേരും ബാക്കി ജില്ലക്കാരമായ മൂന്ന് പേരുമാണ് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. കൂടുതല്‍ രോഗികള്‍ ജില്ലയിലേക്ക് ചികിത്സയ്‌ക്കെത്തുന്നതുകൊണ്ടാണ് അടിയന്തരമായി മരുന്നെത്തിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ധാരണയായിട്ടുള്ളത്. മരുന്നുകള്‍ കരിഞ്ചന്തയില്‍ എത്തുന്നത് തടയാന്‍ രോഗികളുടെ എണ്ണത്തിന് അനുസരിച്ചാണ് മരുന്നിന് ആവശ്യപ്പെടുന്നത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാള്‍ രണ്ടുതവണ കോവിഡ് പോസിറ്റീവായശേഷം പിന്നീട് നെഗറ്റീവായതാണ്. മറ്റൊരാളുടെ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും നെഗറ്റീവായിരുന്നു. മൂന്നാമത്തെയാള്‍ക്ക് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കോവിഡ് ചികിത്സയുടെ ഭാഗമായി അമിതമായി സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള ഒരു കാരണം. സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നതിനൊപ്പം പ്രമേഹം നിയന്ത്രിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ക്ക് കാഴ്ച നഷ്ടമായി. കഴിഞ്ഞദിവസം എത്തിയവരടക്കം ആറുപേരെ വരുംദിവസങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. രോഗം ബാധിച്ചവരില്‍ പലരും കോവിഡ് പോസിറ്റീവായവരാണ്. നെഗറ്റീവ് ആകുമ്പോഴാണ് ശസ്ത്രക്രിയ നടത്തുക. ഒരാള്‍ക്ക് വ്യാഴാഴ്ച നെഗറ്റീവായിട്ടുണ്ട്. ഇയാളുടെ ശസ്ത്രക്രിയ ശനിയാഴ്ച നടത്തും. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ കണ്ണിന്റെ ഞരമ്പുകളെ എത്രമാത്രം രോഗം ബാധിച്ചുവെന്ന് പറയാനാകൂ. ഇതനുസരിച്ചാണ് കണ്ണ് നീക്കംചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് ഇ.എന്‍.ടി. വിഭാഗം ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *