കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. മൃതദേഹം വിലാപയാത്രയായി കെവിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് മൂന്നു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തെന്മലയില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം നടന്ന ആശുപത്രി പരിസരത്ത് വന്‍ ജനാവലി തടിച്ചു കൂടി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയതു മുതല്‍ ആരെയും ഫോറന്‍സിക് വിഭാഗത്തിലേക്ക് കയറ്റി വിട്ടിരുന്നില്ല. അതിനിടെ, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളിലേക്ക് കയറിയത് സംഘര്‍ഷത്തിനിടയാക്കി. സി.പി.എം പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തെത്തുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാവുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു.

യു.ഡി.എഫ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയും സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിയും നടന്നു. ഇത് തടയാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രി പരിസരത്തേക്ക് മാര്‍ച്ച് നടത്തി. ഇത് തടയാന്‍ പൊലീസ് ശ്രമം നടക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

അതേസമയം, കെവിന്റെ കൊലപാതകത്തിലെ പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ്-ബി.ജെ.പിസി.എസ്.ഡി.എസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *