യുവതിയെ പീഡിപ്പിച്ച് ഉപദ്രവിച്ച സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറുപേരെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. ഉപദ്രവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. 22കാരിയുടെ  സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റുന്നതുവരെ വിഡിയോയിൽ ചിത്രീകരിച്ചിരുന്നു. പിന്നീട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

ആറു ദിവസങ്ങൾക്കു മുൻപാണ് സംഭവം നടന്നത്. വിഡിയോ ക്ലിപ്പിൽനിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുള്ള വിവരങ്ങളും വച്ചാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു പൊലീസ്  വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരയാക്കപ്പെട്ടയാളും പ്രതികളും ബംഗ്ലദേശിൽനിന്നു വന്നരാണെന്നാണ് വ്യക്തമാകുന്നത്.യുവതിയെ മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചതാണെന്നാണ് വ്യക്തമാകുന്നതെന്നും പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യം പുനരാവിഷ്‌കരിക്കാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ സംഭവസ്ഥലത്ത് എത്തിച്ച ആറു പ്രതികളില്‍ രണ്ടു പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് കാലില്‍ വെടിവച്ച് വീഴ്ത്തി. വെടിയേറ്റ രണ്ടു പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടക്കുകിഴക്കൻ ഇന്ത്യയിൽ സംഭവവും വിഡിയോയും വലിയരീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. യുവതി മേഖലയിൽനിന്നുള്ളയാളാണെന്നായിരുന്നു പ്രചാരണം. ഇതേത്തുടർന്ന് അസം പൊലീസും വിഷയത്തിൽ ഇടപെട്ടിരുന്നു. അതേസമയം, ആക്രമിക്കപ്പെട്ട യുവതി ഇപ്പോൾ മറ്റൊരു സംസ്ഥാനത്താണ്. ഇവരെ കണ്ടെത്താൻ ഒരു സംഘത്തെ അയച്ചിട്ടുണ്ട്. അതിനുശേഷം അവരുടെ മൊഴി കൂടി മജിസ്ട്രേറ്റിനു മുന്നിൽ വച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *