രാജ്യത്ത് ഡിസംബറോടെ മാത്രമേ ലോക്ഡൗണ്‍ പൂര്‍ണമായി പിൻവലിക്കാൻ കഴിയൂ; കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഡിസംബറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് ഏഴ് മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് തുടരുന്നുണ്ട്. മെയ് 28 മുതല്‍  പ്രതിദിനം രണ്ടു ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതല്‍ 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

കോവിഡ് കേസുകള്‍ കുറയുമ്പോള്‍ നിയന്ത്രണങ്ങള്‍ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാന്‍ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്‌സിന്‍ എടുക്കുകയും ചെയ്താല്‍ മാത്രമേ പൂര്‍ണ്ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പാടുള്ളൂവെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് വ്യക്തമാക്കി. ഡിസംബറോടെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഐസിഎംആര്‍ മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *