കൊച്ചിയില്‍ യുവതിക്ക് ക്രൂരപീഡനം: പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. യുവതിയുടെ പരാതിയില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ജില്ലാ പൊലിസ് മേധാവിയുടെ ഓഫീസില്‍ ചേരും.

കൊച്ചിയിലെ ഫളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ ലോക്ക്ഡൗണില്‍ കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചിയിലെ ഫ്‌ളാറ്റില്‍ അകപ്പെട്ട് പോവുകയായിരുന്നു. ഈ സമയത്ത് മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടില്‍ എന്ന വ്യക്തിയുമായി യുവതി പരിചയത്തിലാവുകയും, ഇരുവരും അടുപ്പത്തിലായതോടെ ഇയാളുടെ ഫളാറ്റില്‍ യുവതി താമസമാക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയോടെ പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയും നഗ്ന വിഡിയോ ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പിന്നാലെ യുവതിക്ക് ക്രൂര പീഡനമാണ് ഏല്‍ക്കേണ്ടി വന്നത്. ഒരു ദിവസം ഇയാള്‍ ഫളാറ്റില്‍ ഇല്ലാതിരുന്ന സമയത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും പൊലിസ് പ്രതിയെ പിടികൂടിയില്ലെന്നാണ് ആരോപണം.

അതേസമയം പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ സെഷന്‍സ് കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *