പാലക്കാട് അയിലൂര്‍ കാരക്കാട്ട്പറമ്പിൽ കാണാതായ 18കാരിയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി. കണ്ടെത്തിയതിന് പിന്നാലെ ഒരുപോലെ അമ്പരപ്പിലാണ് നാട്ടുകാരും പൊലീസും. കാരണം പെണ്‍കുട്ടി ഒളിച്ചിരുന്നത് അയല്‍പക്കത്തെ യുവാവിന്റെ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍പോലും ഇടമില്ലാത്ത മുറിയില്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

2010 ഫെബ്രുവരിയാണ് സംഭവങ്ങളുടെ തുടക്കം. 24കാരനായ റഹ്മാന്‍ 18കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. പിന്നീട് സജിതയെ റഹ്മാന്‍ സ്വന്തം വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ജീവിതം. വീട്ടുകാര്‍ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു. പുറത്തിറങ്ങുമ്പോഴെല്ലാം യുവാവ് മുറി പൂട്ടിയിട്ടു. ശുചിമുറി ഉപയോഗിക്കാന്‍ രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കും. ഇതായിരുന്നു പതിവ്. മൂന്ന് മാസം മുന്‍പ് വരെ ഇവര്‍ ഈ വീട്ടിലായിരുന്നു താമസം. ഇതിന് ശേഷം വീട് വിട്ടിറങ്ങിയ ഇവര്‍ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇയാളെ കാണാതായതോടെ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

അടുത്തിടെ ഇയാളുടെ സഹോദരന്‍ റഹ്മാനെ കാണുകയും വീണ്ടും പോലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഹ്മാനൊപ്പം സജിതയേയും കണ്ടെത്തുന്നത്. പ്രായപൂർത്തിയായ ഇവർ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുന്നതായാണ് മൊഴി നൽകിയതെന്ന് നെന്മാറ സി.ഐ. എ. ദീപകുമാർ പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയച്ചു

Leave a Reply

Your email address will not be published. Required fields are marked *