കളമശേരി റെയില്‍വേ ട്രാക്കില്‍ ഇറച്ചിക്കടയില്‍ ഉപയോഗിക്കുന്ന മരത്തടി; അട്ടിമറി ശ്രമമെന്ന് സംശയം !

എറണാകുളം: കളമശേരി റെയില്‍വേ ട്രാക്കില്‍ മരത്തടി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി റെയില്‍വേ പോലീസ്. മരത്തടി ട്രാക്കിലിട്ടതിന് പിന്നില്‍ അട്ടിമറി ശ്രമമാണെന്ന് സംശയിക്കുന്നതായി ആര്‍.പി.എഫ് അറിയിച്ചു. സൗത്ത് കളമശേരി റെയില്‍വേ മേല്‍പാലത്തിന് സമീപം ചൊവ്വാഴ്ചയാണ് ട്രാക്കില്‍ മരത്തടി കണ്ടെത്തിയത്. ഇറച്ചി കടയില്‍ ഉപയോഗിക്കുന്ന മരത്തടിയാണ് ട്രാക്കില്‍ കണ്ടെത്തിയത്. അതേസമയം, ഏഴരയ്ക്ക് ഈ ട്രാക്കിലൂടെ കടന്നുപോയ ബിലാസ്പുര്‍-എറണാകുളം ട്രെയിന്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അസ്വാഭാവികമായി കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിനിലെ ലോക്കോ പൈലറ്റ് വിവരം എറണാകുളം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആലുവയില്‍ നിന്ന് വരുന്ന ട്രെയിനിലെ ലോക്കോ പൈലറ്റിനെ ഈ വിവരം അറിയിക്കുകയും ഇതനുസരിച്ച്‌ ട്രെയിന്‍ നിര്‍ത്തി നടത്തിയ പരിശോധനയില്‍ തകര്‍ന്ന നിലയില്‍ തടിക്കഷ്ണം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *