കരിപ്പൂർ സർണ്ണക്കള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പങ്ക് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ജയിലിൽ നിന്നുള്ള കൊടി സുനിയുടെ ഭീഷണി സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊയിലാണ്ടി സ്വദേശി അഷ്‌റഫിന്റെ കയ്യിൽ നിന്നും സ്വർണ്ണം തട്ടിയെടുത്തത് തന്റെ സംഘമെന്ന് കൊടി സുനി പറയുന്നു. അഷ്‌റഫിന്റെ ഫോണിൽ നിന്നാണ് ശബ്ദസന്ദേശം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.

ഇനി അതിന്റെ പുറകേ നടക്കേണ്ടതില്ല. പിന്നാലെ വന്നാലും വേറെയൊന്നും ചെയ്യാൻ കഴിയില്ലെന്ന് കൊടി സുനി ഭീഷണി മുഴക്കുന്നു. കൊടുവള്ളി സംഘത്തിന് അയക്കാനായി അഷ്‌റഫിന് നൽകിയ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സ്വർണ്ണം തട്ടിയെടുക്കാൻ കൊടി സുനി നേരത്തെ തന്നെ സഹായിച്ചിരുന്നെന്ന് മുഖ്യപ്രതി അർജ്ജുൻ ആയങ്കി മൊഴി നൽകിയിരുന്നു.

ശബ്ദസന്ദേശത്തിൽ കൊടി സുനി പറയുന്നതിങ്ങനെ, ‘ഞാനാ സുനിയാണേ, കൊടിയാ… കൊയിലാണ്ടിയിലെ അഷ്‌റഫിന്റെ കയ്യിലുള്ള സാധനമുണ്ടല്ലോ… അത് നമ്മുടെയൊരു കമ്പനിയാ കൊണ്ടുപോയേ… ഇനി അതിന്റെ പുറകെ നടക്കണ്ട.. കൊണ്ടുവന്ന ചെക്കന് അതൊന്നും അറിയില്ല. തത്കാലം ഇപ്പോൾ വേറെയാരോടും പറയാൻ നിൽക്കണ്ട. തപ്പുന്നുണ്ട്. പക്ഷെ നമ്മുടെ കമ്പനിയാണ്. അതുകൊണ്ട് വെറെയൊന്നും ചെയ്യാൻ പറ്റത്തില്ല… കേട്ടോ.. ഓക്കെ.. അതുകൊണ്ട് ഇനിയതിന്റെ പുറകെ പോകാൻ നിൽക്കണ്ട. അറിയുന്ന ആളുകളോട് പറഞ്ഞു കൊടുത്തേക്ക് കാര്യങ്ങള്…’

കഴിഞ്ഞ ദിവസം കൊടുവള്ളി സംഘം അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയിരുന്നു. ഇന്നലെയാണ് അഷ്‌റഫിനെ പരിക്കുകളോടെ കണ്ടെത്തുന്നത്. അഷ്‌റഫ് വിദേശത്ത് നിന്നും സ്വർണം കൊണ്ടുവന്നിരുന്നു. ഇത് കൊടുവള്ളിയിൽ എത്തിച്ചില്ലെന്ന് ഭീഷണി ഉയർത്തി തോക്ക് ചൂണ്ടിയാണ് സംഘം അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയത്. താൻ സ്വർണ്ണക്കടത്ത് ക്യാരിയറാണെന്ന് അഷ്‌റഫ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ കൊയിലാണ്ടി പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒരുമാസം മുൻപാണ് അഷ്‌റഫ് കേരളത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *