മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ശരണ്യക്ക്‌ മസ്‌തിഷ്‌കാര്‍ബുദം സ്ഥിരീകരിച്ചത്‌ 2008ലാണ്‌. ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ കുഴഞ്ഞ്‌ വീണ താരത്തെ ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. പിന്നീട്‌ തുടര്‍ച്ചയായ ചികിത്സയുടെ നാളുകള്‍. ഇതിനിടയിലും താരം പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ നിറപുഞ്ചിരുമായി എത്തി. ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലൂടെ തലച്ചോറിലെ മുഴ നീക്കം ചെയ്‌തെങ്കിലും വീണ്ടും ഇത്‌ വളര്‍ന്ന്‌ കൊണ്ടേ ഇരുന്നു. ചികിത്സാ ചെലവും താരത്തിന്‌ സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല.ഒന്‍പതാം വട്ടം ശസ്‌ത്രക്രിയ നടത്താന്‍ ഒരു രൂപ പോലും ഇല്ലാതെ പ്രതിസന്ധിയിലായിരുന്നു ശരണ്യ. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പലയിടത്ത്‌ നിന്നും സഹായമെത്തി. പത്താം ശസ്‌ത്രക്രിയ കഴിഞ്ഞതോടെ ശരണ്യയുടെ ശരീരം ഭാഗികമായി തളര്‍ന്നു. കോതമംഗലം പീസ്‌ വാലി ഫൗണ്ടേഷനിലെ ഫിസിയോ തെറാപ്പിയിലൂടെയാണ്‌ വീണ്ടും ശരണ്യ നടന്ന്‌ തുടങ്ങിയത്‌. ആരോഗ്യസ്ഥിതി പലവട്ടം മോശമായിട്ടും മനഃകരുത്ത്‌ കൊണ്ട്‌ അതിനെ നേരിട്ടു. നടി സീമാ ജി നായരാണ്‌ ഈ ദുരിതകാലത്ത്‌ ശരണ്യയ്‌ക്ക്‌ താങ്ങും തണലുമായത്‌.

ശരണ്യ അര്‍ബുദവുമായി മല്ലിടുന്ന വേളയിലാണ്‌ ഫേസ്‌ബുക്ക്‌ സുഹൃത്തു ബിനുവിന്റെ വിവാഹാലോചന എത്തിയത്‌. പ്രശസ്‌തമായ പ്രൊഡക്ഷന്‍ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അസുഖകാര്യം അറിയാതെ എന്താണ്‌ ഇപ്പോള്‍ അഭിനയിക്കാത്തത്‌ എന്ന്‌ ശരണ്യയോട്‌ ചോദിക്കുകയും ശരണ്യ അസുഖകാര്യം തുറന്ന്‌ പറയുകയും ചെയ്‌തു. വന്ന്‌ കണ്ടോട്ടെയെന്ന്‌ ചോദിച്ചതോടെ അതിന്‌ അനുമതി നല്‍കി. മുടിയെല്ലാം കൊഴിഞ്ഞ്‌ വികൃതമായ രൂപത്തിലായിരുന്നു അന്ന്‌ ശരണ്യ. എന്നിട്ടും ഇഷ്ടമായെന്നും വിവാഹം കഴിക്കണമെന്നും ശരണ്യയുടെ വീട്ടുകാരോട്‌ ബിനു ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നെത്രെ .

2014 ഒക്ടോബര്‍ 26നാണ്‌ ബിനുവിന്റെയും ശരണ്യയുടെയും വിവാഹം വീട്ടുകാര്‍ നടത്തിക്കൊടുത്തത്‌. സിനിമ-സീരിയല്‍ മേഖലയിലെ അധികംആരും അറിയാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്‌ പങ്കെടുത്തത്‌. എന്നാല്‍ വിവാഹം കഴിഞ്ഞും മസ്‌തിഷ്‌ക അര്‍ബുദം ഉണ്ടായതോടെ ബിനു ശരണ്യയില്‍ നിന്നും അകന്നു. അര്‍ബുദം തളര്‍ത്തിക്കളഞ്ഞ വാര്‍ത്ത വന്നതോടെയാണ്‌ ഇരുവരും പിരിഞ്ഞതായുള്ള വാര്‍ത്തകളും എത്തിയത്‌. അസുഖക്കിടയിലും എന്റേട്ടനാണ്‌ എന്റെ ബലമെന്ന്‌ പറഞ്ഞ ശരണ്യയ്‌ക്ക്‌ പക്ഷേ ബിനുവിന്റെ അകലം താങ്ങാവുന്നതിലേറെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *