കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചത് ആളുകളുടെ പരിഹാസം ഭയന്നെന്ന് പിതാവ് ബിറ്റോ. ഭാര്യ നാലാമതും ഗര്‍ഭം ധരിച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും മറ്റും പരിഹസിച്ചെന്നും അപമാന ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നുമാണ് ബിറ്റോയുടെ മൊഴി. എന്നാല്‍, ബിറ്റോയുടെ വാദം പോലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

എട്ട്, ആറ്, മൂന്ന് വയസുകളിലുള്ള മൂന്ന് ആണ്‍കുട്ടികളാണ് ബിറ്റോയ്ക്കുള്ളത്. നാലാമതായി പിറന്ന പെണ്‍കുട്ടിയെയാണ് ഇടപ്പള്ളിയില്‍ ഉപേക്ഷിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് പിറന്ന കുഞ്ഞിനെ അന്നു രാത്രിതന്നെ കൊച്ചിയിലെത്തി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് പേരു വെട്ടാതെയാണ് ഇവര്‍ കടന്നതെന്നും പോലീസ് പറഞ്ഞു.

ഇളമക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിനുശേഷമേ ബിറ്റോയുടെ വാദങ്ങള്‍ എത്രമാത്രം ശരിയാണെന്ന് പറയാനാകൂ എന്ന് പോലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചത് ബിറ്റോയും ഭാര്യയുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി.ഷംസ് പറഞ്ഞു.

ഇന്ന് രാവിലെ വടക്കാഞ്ചേരിയിലുള്ള വീട്ടിലെത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രസവം മൂലമുള്ള അവശതകള്‍ ഉള്ളതിനാല്‍ ബിറ്റോയുടെ ഭാര്യയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഇവരെ പോലീസ് സ്റ്റേഷനില്‍ ഹാജരക്കാന്‍ ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേഷനില്‍ എത്തിയാല്‍ ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ബിറ്റോയും ഭാര്യയും കൈക്കുഞ്ഞുമായി ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ എത്തിയത്. ആണ്‍കുട്ടികളില്‍ ഒരാളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇവര്‍ ഒന്നിച്ച് പള്ളിയില്‍ എത്തുന്നതിന്റെയും പിന്നീട് ബിറ്റോ ആളൊഴിഞ്ഞ പാരിഷ് ഹാളില്‍ കുഞ്ഞിനെ കിടത്തി കടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കളെ തിരിച്ചറിയുകയായിരുന്നു.

കുഞ്ഞിനെ ഉപേക്ഷിച്ചശേഷം ബിറ്റോയും കുടുംബവും രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ദൃശ്യങ്ങള്‍ കണ്ട ബിറ്റോയെ അറിയാവുന്ന ഒരാള്‍ ഇവര്‍ ആരെന്ന് പോലീസിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് എളമക്കര സ്റ്റേഷനില്‍ നിന്നുള്ള സംഘം ഇന്ന് രാവിലെ വടക്കാഞ്ചേരിയിലെ വീട്ടിലെത്തി ബിറ്റോയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *