തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദേഹത്ത് പുഴുവരിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടംനേടിയ വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാർ മരിച്ചു. പുഴുവരിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി അനിൽകുമാർ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനും കഴിഞ്ഞില്ല. ഇത്തരത്തിൽ ഗുരുതരാവസ്ഥയിലിരിക്കെയാണ് അനിൽകുമാർ ശനിയാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വീട്ടിൽ വീണതിനെതുടർന്ന് അനിൽകുമാറിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജോലിസ്ഥലത്ത് നിന്ന് മടങ്ങി വന്ന ശേഷമായിരുന്നു അനിൽകുമാർ വീട്ടിൽ വീണ് പരിക്കേറ്റത്. ഇതിനുശേഷം നടത്തിയ കോവിഡ് പരിശോധനയിൽ അനിൽകുമാർ പോസിറ്റീവായി. തുടർന്ന് കോവിഡ് വാർഡിലേക്ക് മാറ്റി. ബന്ധുക്കളോട് ക്വറന്റീനിൽ പോകാൻ നിർദ്ദേശം നൽകി. കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെയാണ് അനിൽകുമാറിനെ പുഴുവരിച്ചത്. അനില്‍ കുമാറിന് പാലിയേറ്റീവ് ചികിത്സ മാത്രമാണ് ലഭിച്ചതെന്നും പുഴുവരിച്ച മുറിവ് കരിഞ്ഞിരുന്നില്ലെന്നും മകള്‍ അഞ്ജന പറഞ്ഞു. പുഴുവരിച്ച സംഭവം വിവാദമായപ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കിയവരൊന്നും തിരിഞ്ഞു നോക്കിയില്ലെന്നും മകള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *