യുഎഇയില്‍ അടുത്ത മാസമാരംഭിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കു മുന്നോടിയായി എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ദുബായില്‍ പരിശീലനം ആരംഭിച്ചു. ദുബായിലെ ഐസിസി അക്കാദമിയിലാണ് ടീം പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.

യുഎഇയില്‍ പരിശീലനത്തിനു തുടക്കമിട്ട ആദ്യ ടീമും സിഎസ്‌കെയാണ്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ് ആദ്യം യുഎഇയില്‍ വിമാനമിറങ്ങിയതെങ്കിലും അവര്‍ ഇനിയും പരിശീലനം തുടങ്ങിയിട്ടില്ല. രണ്ടാംഘട്ടത്തിലെ ആദ്യ മല്‍സരം കളിക്കുന്ന ടീം കൂടിയാണ് സിഎസ്‌കെ. സപ്തംബര്‍ 19ന് നിലവിലെ ജേതാക്കളായ മുംബൈയുമായാണ് ധോണിയും സംഘവും കൊമ്പുകോര്‍ക്കുക.

കഴിഞ്ഞ സീസണിലെ ഐപിഎല്ലും യുഎഇയിലായിരുന്നു. അന്നു ദയനീയ പ്രകടനമായിരുന്നു സിഎസ്‌കെയുടേത്. പ്ലേഓഫ് പോലും കാണാതെ നാണംകെട്ടായിരുന്നു സിഎസ്‌കെ നാട്ടിലേക്കു മടങ്ങിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു തിരിച്ചടി അവര്‍ക്കു നേരിട്ടത്. ഇത്തവണ അത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റിനും ഒരു മാസം മുമ്പ് തന്നെ ധോണിയും താരങ്ങളും യുഎഇയിലെത്തി തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *