കൊച്ചി: ഇരട്ടക്കുട്ടികള്‍ക്കൊപ്പം റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് വയസ് പ്രായമുള്ള കുട്ടികള്‍ റിസോര്‍ട്ടിന്റെ ഗേറ്റിനുമുന്നില്‍ അച്ഛനരികിലിരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട പത്രഎജന്‍റ് ചെന്ന് നോക്കിയപ്പോളാണ് മരണവിവരം അറിയുന്നത്.

കലൂര്‍ പള്ളിപ്പറമ്പില്‍ ജോര്‍ജിന്റെയും ലിസിമോളുടെയും മകന്‍ ജിതിനാണ് (29) മരിച്ചത്. ആറ് ദിവസം മുമ്പാണ് വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ ജിതിൻ കുട്ടികള്‍ക്കൊപ്പം താമസിക്കാനെത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് വടക്കേക്കര പൊലീസ് പറഞ്ഞു.ജിതിന്റെ അച്ഛന്‍ ജോര്‍ജ് വിദേശത്താണ്. ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫീസറാണ് അമ്മ ലിസിമോള്‍. റഷ്യന്‍ സ്വദേശി ക്രിസ്റ്റീനയാണ് ഭാര്യ. ഗോവയില്‍ ബിസിനസ് ചെയ്തിരുന്ന ജിതിന്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് നാട്ടിലെത്തിയത്.കലൂരില്‍ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലാണ് താമസം. ക്രിസ്റ്റീന ജോലിസംബന്ധമായി ബംഗളൂരുവിലാണ്.

കാക്കനാടുള്ള വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് മക്കളോടൊത്തു ജിതിന്‍ റിസോര്‍ട്ടില്‍ എത്തിയത്. മുമ്പും ഈ റിസോര്‍ട്ടില്‍ ഇടയ്ക്കൊക്കെ ഇവര്‍ താമസിക്കാറുണ്ടായിരുന്നു. രണ്ടുദിവസം മുമ്പ് ലിസിമോള്‍ റിസോര്‍ട്ടില്‍ വന്ന് ഇവരെ കണ്ടിരുന്നു. ചൊവ്വ പുലര്‍ച്ചെ രണ്ടരയോടെ ജിതിന്‍ മക്കള്‍ക്കൊപ്പം മുറിയുടെ പുറത്തേക്ക് ഇറങ്ങുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

Leave a Reply

Your email address will not be published. Required fields are marked *