രണ്ടാം തരംഗത്തിൽ നേരിട്ട പ്രതിസന്ധികളിൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് കുട്ടികളിൽ കോവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രശ്നങ്ങൾ. കോവിഡിനു പിന്നാലെ മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം–സി (എംഐഎസ്–സി) ബാധിച്ചു കേരളത്തിൽ 4 കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒന്നര വർഷത്തിനിടെ 300 ൽ ഏറെ കുട്ടികൾക്കു ‘മിസ്ക്’ സ്ഥിരീകരിച്ചു. ഇവരിൽ 95 % പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണു കുട്ടികൾക്ക് കോവിഡ് ബാധയുണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധ നൽകണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയത്.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് മിസ്ക് ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്. എല്ലാവരും 18 വയസ്സിനു താഴെയുള്ളവർ. ഒരു കുട്ടിക്കു മാത്രം മറ്റു ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നു എന്നാണു റിപ്പോർട്ട്.കേരളത്തിലെ ആകെ കോവിഡ് ബാധിതരിൽ 7% പേർ 10 വയസ്സിനു താഴെയുള്ളവരാണ്. 10% പേർ 11–20 വയസ്സു പ്രായമുള്ളവർ. 0.004% ആണ് 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കോവിഡ് മരണനിരക്ക്. 0–19 പ്രായത്തിലുള്ള 39 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. മിസ്ക് ബാധിക്കുന്ന കുട്ടികളുടെ ചികിത്സയ്ക്ക് ആരോഗ്യവകുപ്പ് നേരത്തെ തന്നെ പ്രോട്ടോക്കോൾ തയാറാക്കിയിരുന്നു.
വ്യാപകമല്ലെങ്കിൽ പോലും കോവിഡുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഉണ്ടാകുന്ന ഗുരുതരവും സങ്കീർണ്ണവുമായ രോഗമാണ് എം ഐ എസ് സി എന്ന് മയോ ക്ലിനിക്ക് ഉൾപ്പടെയുള്ള ആരോഗ്യമേഖലയിലെ വിദഗദ്ധസ്ഥാപനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് പിടിപെടുന്ന കുട്ടികളിൽ അപൂർവ്വമായി മാത്രമാണ് ആദ്യഘട്ടത്തിൽ ഇത് കണ്ടത്. കോവിഡ് ബാധിക്കുന്ന എല്ലാ കുട്ടികളിലും ഈ രോഗം വരില്ല. എന്നാൽ എം ഐ എസ്-സി പിടിപെടുന്ന കുട്ടികളിൽ ഭൂരിപക്ഷവും കൃത്യമായ സമയത്ത് ശരിയായ വൈദ്യസഹായം ലഭിച്ചാൽ ആരോഗ്യം മെച്ചപ്പെടുന്നുണ്ട്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കുട്ടികളുടെ സ്ഥിതി അതിവേഗം മോശമാകുകയും, അവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ തന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കകയും അവയെലെന്തെങ്കിലും കുട്ടിയിൽ കാണുന്നുവെങ്കിൽ ഉടൻ തന്നെ ചികിത്സ തേടുകയും വേണം. കൃത്യ സമയത്തെ ചികിത്സ ആരോഗ്യം വീണ്ടെടുക്കാൻ സഹായകമാകും. ഭയവും ആശങ്കയുമല്ല, ജാഗ്രതയോടെയുള്ള ആരോഗ്യ ചികിത്സാ സംവിധാനങ്ങളെ ആശ്രയിക്കലാണ് ഈ രോഗത്തെ മറികടക്കാനുള്ള മാർഗമെന്ന് ഡോക്ടർമാർ പറയുന്നു.

