കൊല്ലം: പരവൂര്‍ തെക്കുംഭാഗം ബീച്ചിന് സമീപം സദാചാരഗുണ്ടയുടെ ആക്രമണത്തിനിരയായ അമ്മയുടേയും മകന്റേയും ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. കാറിലിരുന്ന് ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോള്‍ ആയുധവുമായി എത്തി അമ്മയേയും മകനേയും ആക്രമിച്ച കേസില്‍ പ്രതി ആഷിക് ഒളിവിലാണ്. തന്നേയും മകനേയും ആക്രമിച്ചത് കണ്ടുനിന്ന ഒരാള്‍ പോലും വിഷയത്തില്‍ ഇടപെട്ടില്ലെന്നും എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ ഷംല പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് കൊല്ലത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷംലയും മകന്‍ സാലുവും. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പാഴ്‌സല്‍ വാങ്ങി വാഹനം വഴിയരികില്‍ നിര്‍ത്തുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതിന് മുൻപാണ് ഒരു യുവാവ് ഇവരുടെ അടുത്തേക്കെത്തിയത്. കാറിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അമ്മയും മകനുമാണെന്ന് പറഞ്ഞെങ്കിലും അക്രമി തെളിവ് ചോദിക്കുകയായിരുന്നു.

ഷംലയെ തലമുടിയില്‍ കുത്തിപ്പിടിച്ച് കാറിന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. തടയാനെത്തിയ മകനെ അസഭ്യം പറഞ്ഞ് കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച ഷംലയുടെ കഴുത്തില്‍ പിടിച്ചുതള്ളുകയും നിലത്തിട്ടുചവിട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു. കമ്പി വടി ഉപയോഗിച്ച്‌ കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു മകന്റെ കയ്യില്‍ എന്തോ ഒരു ആയുധം കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. കൈയിലെ ഞരമ്പില്‍ മുറിവ് പറ്റിയതിനാൽ ആറ് സ്റ്റിച്ച് ഇട്ടിരിക്കുകയാണ്.

തങ്ങള്‍ അമ്മയും മകനുമാണെന്ന് നെറ്റിയില്‍ എഴുതി നടക്കാന്‍ കഴിയുമോയെന്നും അക്രമിയെ തടയാന്‍ കണ്ടുനിന്നവര്‍ പോലും ശ്രമിച്ചില്ലെന്നും ഷംല പറയുന്നു. പോലീസില്‍ ഇവര്‍ പരാതി നല്‍കുമെന്ന് മനസ്സിലാക്കിയ പ്രതി ആഷിക് തന്റെ ആടിനെ ഇവരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചുവെന്ന് ഒരു കള്ളപ്പരാതിയും നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി ആഷികിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *