പുനലൂര്‍: കാമുകിയെ വിവാഹം ചെയ്തതിന്റെ പേരില്‍ കോട്ടയം മാന്നാനം സ്വദേശി കെവിന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ കണ്ടെത്തി. കേസിലെ പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് നാല് വാളുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്.

തന്റെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് കെവിനേയും തന്നേയും തട്ടിക്കൊണ്ടു പോയതെന്ന് കെവിന്റെ ബന്ധു അനീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. മേയ് 27ന് പുലര്‍ച്ചെ, കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പത്തംഗ സംഘവും കൂടിയാണ് കെവിനേയും അനീഷിനേയും തട്ടിക്കൊണ്ടു പോയത്.

അതിനിടെ, ഷാനുവിന്റെ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന നിയാസ്, റിയാസ്, വിഷ്ണു, ഫസല്‍ എന്നിവരെ തെന്മലയില്‍ കൊണ്ടുവന്ന് അന്വേഷണ സംഘം തെളിവെടുത്തു. തട്ടിക്കൊണ്ടു പോയ കെവിന്‍ വഴിയില്‍ വച്ച് തങ്ങളുടെ കൈയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന മുമ്പ് നല്‍കിയ മൊഴി തെളിവെടുപ്പ് സമയത്തും പ്രതികള്‍ ആവര്‍ത്തിച്ചു.

തെന്മലയില്‍ വച്ച് അനീഷ് ഛര്‍ദിക്കണമെന്ന് പറഞ്ഞെന്നും ഒരു സ്ഥലത്ത് കാര്‍ നിറുത്തുകയുമായിരുന്നു. ഈ കാറിന് പിന്നാലെ വന്ന കാറിലായിരുന്നു കെവിനുണ്ടായിരുന്നു. കെവിനെ കാറില്‍ വച്ച് മര്‍ദ്ദിച്ചെന്നും അവശനായിരുന്നെങ്കിലും കെവിന്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും പ്രതികള്‍ പറഞ്ഞു.

അതേസമയം, കെവിന്റെത് കൊലപാതകം തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ.ജി വിജയ് സാഖറെ പറഞ്ഞു. തെളിവെടുപ്പിനായി പ്രതികളെ ചാലിയേക്കരയില്‍ എത്തിച്ചപ്പോഴായിരുന്നു ഐ.ജിയുടെ പ്രതികരണം. ശാസ്ത്രീയാന്വേഷണമാണ് നടക്കുന്നതെന്നും സാഖറെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *