കോഴിക്കോട്: കൊല്ലം സ്വദേശിയായ യുവതിയെ കോഴിക്കോട്ട് മദ്യവും ലഹരിവസ്തുക്കളും നല്‍കി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ് സുഹൈബ് എന്നിവരാണ് പിടിയിലായത്.

കേസിൽ നാല് പ്രതികളാണ് ഉള്ളതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ രണ്ട് പേർ പിടിയിലായിരുന്നു. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണു പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പീഡനത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിൽ സംഭവം നടന്ന ലോഡ്ജിന്റെ നടത്തിപ്പുകാരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട് എന്നാണ് വിവരം. ഇന്നലെ ലോഡ്ജിന്റെ ലെഡ്ജർ പൊലീസ് പിടിച്ചെടുത്തിരുന്നു. ലോഡ്ജിൽ ഇതുപോലെ യുവാക്കളും വിദ്യാർത്ഥികളും മുൻപും മുറിയെടുത്തിട്ടുണ്ട് എന്നാണ് പൊലീസ് കണ്ടെത്തൽ. ലോഡ്ജിനെതിരെ പ്രദേശവാസികൾ ഉൾപ്പടെ പരാതി ഉന്നയിച്ചിട്ടുണ്ട് എന്നാണ് വിവരം. ആ സാഹചര്യത്തിലാണ് നടത്തിപ്പുകാരുടെ പങ്കും അനേഷിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ടിക്‌ടോക് വഴി രണ്ടുവര്‍ഷം മുന്‍പ് പരിചയപ്പെട്ട യുവതിയെ അജ്‌നാസ് കോഴിക്കോട്ടേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതിയെ അജ്‌നാസും ഫഹദും ചേര്‍ന്ന് ചേവായൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റു രണ്ടുപേരും പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *