പാലക്കാട്: മണ്ണാര്‍ക്കാട് വൃദ്ധനായ പിതാവിനെ മക്കള്‍ സ്വത്ത് എഴുതി വാങ്ങിയതിന് ശേഷം 6 മാസത്തോളം വീട്ടിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ടതായി പരാതി. മണ്ണാര്‍ക്കാട് പടിഞ്ഞാറെ തറയില്‍ പൊന്നു ചെട്ടിയാരോടാണ് മക്കള്‍ ഈ ക്രൂരത കാണിച്ചത്. കിടപ്പിലായ പിതാവിന് ഭക്ഷണം പോലും ഇവര്‍ നല്‍കിയിരുന്നില്ലെന്നും അയല്‍വാസികള്‍ ആരോപിച്ചു. പൊന്നു ചെട്ടിയാരുടെ ഭാര്യ 2 വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ചിരുന്നു. അതിനുശേഷമാണ് മക്കളായ ഗണേശനും, തങ്കമ്മയും 6 മാസത്തോളം പിതാവിനെ വീട്ടില്‍ പൂട്ടിയിട്ട് ഭക്ഷണം പോലും കൃത്യമായി നല്‍കാതെ പീഡിപ്പിച്ചതെന്ന് അയല്‍വാസികള്‍ പരാതി പറയുന്നത്. മക്കളുടെ ക്രൂരത നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പും പൊലീസും, നഗരസഭ അധികൃതരും ചേര്‍ന്ന് വയോധികനെ മോചിപ്പിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മക്കള്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *