കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച്‌ വീണ്ടും വി.എം. സുധീരന്‍: എ.ഐ.സി.സി അംഗത്വവും രാജിവച്ചു

മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും ഞെട്ടിച്ച്‌ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് എ.ഐ.സി.സി അംഗത്വം രാജിവെച്ചുള്ള കത്തയച്ചത്. എന്നാല്‍ കൂടുതല്‍ വിശദീകരണത്തിന് അദ്ദേഹം തയാറായിട്ടില്ല.

കെ.പി.സി.സിയിലെ തര്‍ക്കങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നില്ല എന്ന ആക്ഷേപമാണ് കത്തിലുയര്‍ത്തിയിരിക്കുന്നത് എന്നാണറിയുന്നത്. കെ.പി.സി.സി നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നുമറിയുന്നു. സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ല. ഏകപക്ഷീയമാണ് തീരുമാനമെന്നും സുധീരന്‍ ആരോപണം ഉന്നയിച്ചിരുന്നു.

പുനസംഘടനയും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു സുധീരന്‍ രാജിവെച്ചത്. പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *