മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ വിധി 20-ന്. മുംബൈയിലെ എന്‍.ഡി.പി.എസ്. പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീലാണ് ജാമ്യഹര്‍ജി വിധി പറയാനായി ഒക്ടോബര്‍ 20-ലേക്ക് മാറ്റിയത്. ഇതോടെ ആറുദിവസം കൂടി ആര്യന്‍ ജയിലില്‍ തുടരും.

ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ചയും മണിക്കൂറുകള്‍ നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍.സി.ബി.യുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആര്യന്‍ ഖാന്‍ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണ്. സുഹൃത്തായ അര്‍ബാസില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് ആര്യനും കൂടി ഉപയോഗിക്കാനുള്ളതായിരുന്നു. ഇവരുടെ ഫോണുകളില്‍നിന്ന് വാട്‌സാപ്പ് ചാറ്റുകളും ഫോട്ടോകളും തെളിവായി ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് വില്‍പനയെ സംബന്ധിച്ച് ആര്യന്‍ ചര്‍ച്ച നടത്തിയതിനും തെളിവുണ്ട്. പ്രായം കുറവാണെന്ന് പറഞ്ഞ് ജാമ്യം നല്‍കുന്നത് തെറ്റാണെന്നും എന്‍.സി.ബി. അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ഒക്ടോബര്‍ രണ്ടാം തീയതിയാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്. വ്യാഴാഴ്ചയാണ് ക്വാറന്റീന്‍ സെല്ലില്‍നിന്ന് ആര്യനെ സാധാരണ സെല്ലിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *