മലപ്പുറത്ത് പീഡനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് നോക്കി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു; അയൽവാസി അറസ്റ്റിൽ

മലപ്പുറം: പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു. യു ട്യൂബ് വീഡിയോ നോക്കിയാണ് പരസഹായമില്ലാതെ  പ്ലസ് ടു വിദ്യാർഥിനി പ്രസവിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കോട്ടക്കലിലാണ് സംഭവം. ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെൺകുട്ടി മുറിയിൽ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെയും കുഞ്ഞിൻറെയും ആരോഗ്യനില തൃപ്തികരമാണ്.

അയല്‍വാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. എന്നാല്‍ ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ച്  17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബര്‍ 20-നാണ് വീട്ടിലെ മുറിയ്ക്കുള്ളില്‍വെച്ച് പ്രസവിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. യൂട്യൂബ് നോക്കിയാണ് പ്രസവരീതികള്‍ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിള്‍കൊടി മുറിച്ചുമാറ്റുന്നതുള്‍പ്പെടെ ചെയ്തതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയും കുഞ്ഞും നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

അയല്‍വാസിയായ 21-കാരൻ  പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവിന് കാഴ്ചാവൈകല്യമുണ്ട്. ഗര്‍ഭവും പ്രസവവും മറച്ചുവെയ്ക്കാന്‍ ഇവയെല്ലാം അനുകൂലമായെന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ വിലയിരുത്തല്‍. പെണ്‍കുട്ടിയുടെ വീട്ടിലെ സാഹചര്യം ചൂഷണം ചെയ്താണ് പ്രതി പീഡനത്തിനിരയാക്കിയതെന്നും അധികൃതര്‍ പറയുന്നു.

ഗര്‍ഭകാലത്ത് രണ്ട് സ്വകാര്യ ആശുപത്രികളില്‍ പെണ്‍കുട്ടി ചികിത്സ തേടിയതായും വിവരമുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇങ്ങനെയൊരു സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ല. ഒരുപക്ഷേ, യഥാര്‍ഥ പ്രായം മറച്ചുവെച്ചായിരിക്കാം ഇവിടങ്ങളില്‍ ചികിത്സ തേടിയത്. സംഭവത്തില്‍ ആശുപത്രികളില്‍നിന്ന് വിശദീകരണം ചോദിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിയിച്ചു.

ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *