മലപ്പുറം: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാന്‍ തെരുവുനായയുടെ ശ്രമം. ഇന്നലെ രാവിലെ എട്ടോടെ മെലേ അരിപ്രയിലാണു സംഭവം. പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇരുവര്‍ക്കും പരിക്കേറ്റു. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ ആക്രമിച്ച തെരുവുനായയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് പിതാവ് മകനെ രക്ഷിച്ചത്. മൂന്ന് മിനിറ്റോളം തെരുവുനായയുമായി മല്‍പിടിത്തം നടത്തിയാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. പിതാവ് കുഞ്ഞുമായി സ്വന്തം വീടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് റോഡിന്റെ എതിര്‍വശത്തു നിന്നും തെരുവുനായ ഓടിയെത്തിയത്. കുഞ്ഞിനെ ലക്ഷ്യം വെച്ച് വന്ന നായ കുഞ്ഞിനെ ചാടിക്കടിക്കുകയായിരുന്നു. കുഞ്ഞിനെ മാറ്റിപ്പിടിച്ചതോടെ പിതാവിന്റെ കൈയില്‍ കടിച്ചു. തട്ടിമാറ്റിയിട്ടും വിടാതെ ചീറിയടുത്ത നായ കുഞ്ഞിന്റെ തുടയിലും കടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യയ്ക്കു കുഞ്ഞിനെ കൈമാറിയിട്ടും തെരുവുനായ ആക്രമണം തുടരുകയായിരുന്നു.
2021-11-06

