കൊച്ചി: പാലാരിവട്ടത്ത് മുൻ മിസ് കേരള ഉൾപ്പടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടും അഞ്ച് ജീവനക്കാരും അറസ്റ്റിലായി. പാലാരിവട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിച്ച വകുപ്പ് ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ ജീവനക്കാരെയും പ്രതികളാക്കുമെന്ന് പൊലീസ് അറിയിച്ചു. രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ റോയ് വയലാട്ട് ഹാജരാക്കിയ ഡിവിആറിൽ കൃത്രിമത്വം കാണിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായാണ് പൊലീസ് കണ്ടെത്തിയത്.

മോഡലുകൾ പങ്കെടുത്ത ഡി.ജെ. പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ രാവിലെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച അൻസി കബീറിന്‍റെ കുടുംബം പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനും വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *