തിരുവല്ല: പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്ന ചിത്രം പകര്‍ത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാസറിനെതിരെയും കേസെടുത്തിട്ടുണ്ട്. സിപിഎം മുന്‍ വനിതാ നേതാവാണ് പരാതിക്കാരി.

കാറില്‍വച്ച് യുവതിക്ക് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ചിത്രം പ്രചരിപ്പിച്ച പത്തോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരില്‍ വനിത കൗണ്‍സിലറും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, ഇതിന് മുമ്പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജി മോന്‍. തിരുവല്ല പൊലീസാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വനിത നേതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

പരാതിക്കാരായ യുവതിയും ഭര്‍ത്താവും സജീവ പാര്‍ട്ടി പ്രവര്‍ത്തകരാണ്. പത്തനംതിട്ടയിലേക്കുള്ള യാത്രയിലാണ് ലഹരി നല്‍കി പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചു. തുടര്‍ന്നാണ് വീട്ടമ്മ പരാതി നല്‍കിയത്. സിപിഎം നേതാക്കള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്. പത്തനംതിട്ട എസ്പിക്ക് നല്‍കിയ പരാതി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയ ശേഷമാണ് നടപടിയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *