പാലക്കാട് സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘം അറസ്റ്റിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘം അറസ്റ്റിൽ. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും സംഘ തലവനുമായ തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പം വധുവായി വേഷം കെട്ടിയ പാലക്കാട് സ്വദേശികളായ സജിത, ദേവി ,സഹീദ ഉള്‍പ്പെടെ മൂന്ന് സ്ത്രീകളും അറസ്റ്റിലായി. സേലം സ്വദേശിയുടെ പരാതിയില്‍ കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഡിസംബർ പന്ത്രണ്ടിനാണ് സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പുണ്ടായത്.

തമിഴ്നാട്ടില്‍ വിവാഹപ്പരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനെ സംഘം തട്ടിപ്പിനിരയാക്കിയത്. മണികണ്ഠനെ ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തിലെത്തിച്ച് സജിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഉടന്‍ വിവാഹം വേണമെന്നു പറഞ്ഞായിരുന്നു ഇത്. വിവാഹം നടത്തിയ വകയില്‍ കമ്മിഷനായി ഒന്നരലക്ഷം വാങ്ങുകയും ചെയ്തു. വിവാഹദിവസം വൈകീട്ടോടെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാര്‍ത്തികേയനുമെത്തി. അടുത്ത ദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും നാട്ടിലേക്ക് കടന്നു. പിന്നീട് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെയായി. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് മണികണ്ഠനും സുഹൃത്തുക്കളും നടത്തിയ അനേഷണത്തിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.തുടർന്ന്  കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി,  സൈബർ സെല്ലിന്റെ സഹാത്തിൽ ഇവരെ പിടികൂടുകയായിരുന്നു. സമാന രീതിയിൽ അമ്പതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചിറ്റൂർ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *