കോഴിക്കോട്: കട്ടിപ്പാറയിൽ പതിനൊന്ന് കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ താഴ്‌വാരം തിയ്യക്കണ്ടി വിനോദിന്റെ മകൾ വൈഷ്ണയാണ് മരിച്ചത്. കട്ടിപ്പാറ നസ്‌റത്ത് യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പിതാവ് വിനോദും മാതാവ് ബൗഷയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
സഹോദരങ്ങളായ വിനായകും വൈഗയുമാണ് വീട്ടിലുണ്ടായിരുന്നത്. പഠിക്കുന്നതിനിടെ മുറിക്കുള്ളിലേക്ക് പോയ വൈഷ്ണ തിരിച്ചു വരാത്തതിനെ തുടർന്ന് സഹോദരങ്ങൾ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ പിതാവ് സ്ഥലത്തെത്തി ജനൽ ചില്ല് തകർത്ത് നോക്കുമ്പോളാണ് മകൾ വൈഷ്ണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്ന് വഷ്ണയെ താഴെ ഇറക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരം അറിഞ്ഞ് താമരശ്ശേരി ഡി വൈ എസ് പി, അഷ്‌റഫ് തെങ്ങലകണ്ടിയിൽ, ഇൻസ്‌പെക്ടർ ടി എ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ആശുപത്രിയിലെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
