നാഗർകോവിലിൽ കാണാതായ കുട്ടിയുടെ മൃതദേഹം അയൽവാസിയുടെ അലമാരയിൽ നിന്നും കണ്ടെത്തി. കുടിയപട്ടണം സ്വദേശികളായ ജോൺ റിച്ചാർഡ്- സഹായസിൽജ ദമ്പതികളുടെ മകൻ ജോഗൻ റിഷിയാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ദിവസമായിരുന്നു നാലുവയസ്സുകാരനായ കുട്ടിയെ കാണാതായത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്നതിനിടെയായിരുന്നു തിരോധാനം. ആദ്യം ബന്ധുവീടുകളിൽ ഉണ്ടെന്നായിരുന്നു ധരിച്ചിരുന്നത്. എന്നാൽ ഏറെ വൈകിയും കുട്ടിയെ കാണാതെവന്നതോടെ ബന്ധുവീടുകളിൽ അന്വേഷിച്ചപ്പോഴാണ് അവിടെയെത്തിയില്ലെന്ന് അറിഞ്ഞത്. തുടർന്ന് സഹായസിൽജ പോലീസിൽ പരാതി നൽകുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് അയൽവാസിയായ ഫാത്തിമയുടെ പെരുമാറ്റത്തിൽ പ്രദേശവാസികളിൽ ചിലർക്ക് സംശയം ഉണ്ടായത്. തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി വീട് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അലമാരയ്‌ക്കുള്ളിൽ കുട്ടിയെ കണ്ടത്.

വായ്മൂടികെട്ടിയ നിലയിലായിരുന്നു കുട്ടി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഇതിനിടെ ശനിയാഴ്ച വൈകുന്നേരത്തോടെ അയല്‍ക്കാരിയായ ഫാത്തിമ കുട്ടി ധരിച്ചിരുന്ന ആഭരണങ്ങള്‍ സമീപത്തെ ബാങ്കില്‍ പണയം വെച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കസ്റ്റഡിയിൽ എടുത്ത ഫാത്തിമയെ ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *