കര്‍ണാടകയിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷനിലെ വിദ്യാർത്ഥി കാമുകിയെ സ്യൂട്ട്കേസിനുള്ളിലാക്കി ഹോസ്റ്റല്‍ മുറിയിലേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
സ്യൂട്ട്കേസുമായി വിദ്യാര്‍ഥി ക്യാമ്പസിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതും സ്യൂട്ട്കേസിന്‍റെ വലുപ്പത്തില്‍ സംശയം തോന്നിയ സുരക്ഷാ ജീവനക്കാരന്‍ വിദ്യാര്‍ഥിയെ ഗേറ്റിന് മുന്നില്‍ തടയുന്നതും, പെട്ടി തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ഥി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ സുരക്ഷാ ജീവനക്കാരന്‍ പെട്ടി തുറക്കുമ്പോള്‍ പെണ്‍കുട്ടി പുറത്തേക്ക് വരുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഏതായാലും വാലന്‍റൈന്‍സ് ഡേ അടുത്തത്തോടെ വീഡിയോ യുവാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഫെബ്രുവരി 2 മുതല്‍ ട്വിറ്ററില്‍ വൈറലായ വീഡിയോ ട്രോളായും തമാശയായും പ്രചരിക്കുന്നുണ്ടെങ്കിലും ദൃശ്യങ്ങള്‍ക്ക് പിന്നിലെ വാസ്തവം പ്രചരിക്കുന്നത് പോലെയല്ല. 2019ല്‍ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മണിപാല്‍ സര്‍വകലാശാല വിദ്യാര്‍ഥിയുടേത് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്നും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷന്റെ ഏതെങ്കിലും സ്ഥാപനങ്ങളുടെതോ കോളേജുകളുടേതല്ലെന്നും വീഡിയോയുടെ ആധികാരികത സംശയാസ്പദമാണെന്നും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്‍റെ വക്താവായ എസ്.പി. കാർ പറഞ്ഞു. 2019 ലെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഡെറാഡൂണിലെ സ്വകാര്യ സര്‍വകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസില്‍ നിന്നുള്ളതാണെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളെന്ന്, അതേ ചിത്രമുപയോഗിച്ചുള്ള മൂന്ന് വര്‍ഷം മുന്‍പുള്ള ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

