മഞ്ചേരി : മലപ്പുറം അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ തൊട്ടടുത്തു വച്ച് പീഡനത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും. നിലവില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ് ജയിലില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാന്‍ ജീവനു ഭീഷണിയാണന്ന ആശങ്കയിലാണ് യുവതിക്കൊപ്പം പീഡനക്കേസില്‍ സാക്ഷി നില്‍ക്കുന്നവരും.
പ്രാഥമിക കൃത്യങ്ങൾക്ക് പോലും കട്ടിലിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്നത് മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകളാണ്. ഈ മകളെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി വാടക ക്വാർട്ടേഴ്‌സിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറിയ പ്രതി പീഡിപ്പിച്ചത്. തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളർന്നു കിടക്കുന്ന അമ്മയ്‌ക്ക് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ. പുറത്തു പറഞ്ഞാൽ യുവതിയെ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
അയൽക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേ യുവതിയെ മൂന്നു മാസം മുൻപും ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നു. എന്നാൽ ഭയം മൂലം പെൺകുട്ടി അത് പുറത്ത് പറഞ്ഞിരുന്നില്ല. പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകൾ വേറേയുമുണ്ട്. പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പരാതി അറിയിച്ച അയൽക്കാരിയുടെ ഭർത്താവിനെ പ്രതിയുടെ ആളുകൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സാക്ഷി പറഞ്ഞാൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇയാൾ ജാമ്യത്തിലിറങ്ങിയാൽ ജീവന് ഭീഷണിയാണെന്ന് നാട്ടുകാർ ഉൾപ്പെടെ പറയുന്നു.
