വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; പ്രവീണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായത്രിയുടെ കുടുംബം

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. കൊല്ലപ്പെട്ട ഗായത്രിയുടെ അമ്മ അടക്കമുള്ളവരാണ് ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പ്രവീൺ ഭീഷണിപ്പെടുത്തിയെന്ന് ഗായത്രിയുടെ അമ്മ സുജാത പറയുന്നു. കൊലപാതകം നടന്ന ദിവസം ഗായത്രിയെ വിളിച്ചപ്പോൾ ഫോണെടുത്തത്ത് പ്രവീൺ ആണ്. ഗായത്രിക്ക് ഫോൺ കൈമാറാൻ പറഞ്ഞപ്പോൾ മോശമായി സംസാരിച്ചു. മകളെ കാണാനില്ലെന്ന് കാട്ടി കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കാര്യമായി അന്വേഷിച്ചില്ല.

മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് പല തവണ പറഞ്ഞെങ്കിലും കേട്ടില്ല. വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് പറഞ്ഞ് പ്രവീണ്‍ തെറ്റിദ്ധരിപ്പിച്ചെന്നും ​ഗായത്രിയുടെ അമ്മ പറഞ്ഞു. തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രവീണിന്റെ മൊഴി ഇന്നലെ പുറത്ത് വന്നിരുന്നു. നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീൺ. എന്നാൽ ഇതുതന്നെയാണോ കൊലപാതക കാരണമെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ ഉടൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണിൽ നിന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം പ്രവീൺ തന്നെയാണ് പറഞ്ഞതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *