പേവിഷബാധ ; പൂച്ചയുടെ കടിയേറ്റ സ്ത്രീകള്‍ രണ്ട് മാസത്തിന് ശേഷം മരിച്ചു

ചിറ്റൂർ: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മൊവ്വ വെമുലമട ഗ്രാമത്തില്‍ പൂച്ചയുടെ കടിയേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു. നാഗമണി, കമല എന്നിവരാണ് മരിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് പേര്‍ക്കും പൂച്ചയുടെ കടിയേറ്റത്. സംഭവശേഷം ആശുപത്രിയില്‍ എത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇരുവരും ടി.ടി കുത്തിവയ്പ്പ് ഉള്‍പ്പടെയുള്ള മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു.  എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരുവരുടെയും ആരോഗ്യസ്ഥിതി തീരെ വഷളായതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സ്ഥിതി അതീവഗുരുതരമായതിനെ തുടര്‍ന്ന് കമല മംഗളഗിരിയിലെ എന്‍.ആര്‍.ഐ ആശുപത്രിയിലും നാഗമണി വിജയവാഡയിലെ കോര്‍പ്പറേറ്റ് ആശുപത്രിയിലുമാണ് മരിച്ചത്.സ്ത്രീകളെ കടിച്ച പൂച്ചയ്ക്ക് പേവിഷബാധയുള്ള നായയുടെ കടിയേറ്റിരുന്നതായി പിന്നീട് സ്ഥിരീകരിച്ചു. ഇത് സ്ത്രീകളുടെ ശരീരത്തിലേക്ക് പടര്‍ന്നതാണെന്ന് ചികിത്സ നല്‍കിയ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വ്യക്തമാക്കി.അതേസമയം, പൂച്ചയെക്കൂടാതെ എലി, പാമ്പ്, നായ, എന്നിവയുടെ കടിയേറ്റാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ, ആരോഗ്യ പ്രവര്‍ത്തകന്‍ ശിവരാമകൃഷ്ണ റാവു നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *