പ്രണയത്തിൽ നിന്നും പിന്മാറിയതിന്റെ പേരിൽ 19കാരിയെ യുവാവ് വെട്ടിക്കൊന്നു. ​ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഗോധ്ര സ്വദേശിയായ തൃഷ സോളാങ്കിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൽപേഷ് ഠാക്കൂർ എന്ന 23കാരൻ അറസ്റ്റിലായി. യുവതി പ്രണയത്തിൽനിന്ന് പിന്മാറിയതും മറ്റൊരാളുമായി അടുപ്പം പുലർത്തിയതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.

മൂന്നുവർഷമായി തൃഷയുമായി പ്രണയത്തിലായിരുന്നതായും കുറച്ച് മാസങ്ങളായി തൃഷയുമായുള്ള ബന്ധം തുടരാൻ പലവിധത്തിൽ ശ്രമിച്ചെങ്കിലും താത്പര്യം കാണിച്ചില്ലെന്നും മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന് അറിയുകയും ചെയ്തതായും പ്രതി മൊഴി നൽകിയിട്ടുണ്ട്. തന്നെ അവഗണിച്ചപ്പോൾ ദിവസങ്ങൾക്ക് മുമ്പ് താൻ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ദേശീയപാത 48-ന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. രാത്രി ഇതുവഴി എത്തിയ സ്ത്രീയാണ് യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇവർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ വസ്ത്രത്തിൽനിന്ന് ലഭിച്ച ആധാർ കാർഡ് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് തൃഷ സോളാങ്കിയാണെന്ന് പൊലിസ് ഉറപ്പിച്ചത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലിസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *