തൃത്താല: 28കാരിയുടെ മ‍ൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഗുരുവായൂർ കാരക്കാട് കുറുവങ്ങാട്ടിൽ വീട്ടിൽ ഹരിത മരിച്ചതിൽ അസ്വാഭാവികത ഇല്ലെന്നും യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. തെരുവ് നായയുടെ കടിയേറ്റാകാം കൈപ്പത്തി അറ്റുപോയതെന്നും പൊലീസ് അനുമാനിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നതോടെയാണ് ഹരിതയുടേത് മുങ്ങിമരണമാണെന്ന് പൊലീസ് പറയുന്നത്. മ‍ൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കൊലപാതകമാണോ എന്ന സംശയം ഉയർന്നിരുന്നു.

ഹരിതയുടെ മൃതദേഹം കണ്ടെത്തുമ്പോൾ കൈപ്പത്തി അറ്റുപോയ നിലയിലായിരുന്നു. ഇതാണ് കൊലപാതകം എന്ന സംശയത്തിലേക്ക് നയിച്ചത്. കൈപ്പത്തി അറ്റുപോയത് തെരുവുനായയുടെ കടിയേറ്റാണെന്നും യുവതിയുടെ കൈയിൽ ജീവിയുടെ കടിയേറ്റതായാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതെന്നും തൃത്താല പൊലീസ് പറഞ്ഞു. അതേസമയം, ഇവരുടെ അറ്റുപോയ കൈപ്പത്തി കണ്ടെത്താനായില്ല.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഹരിതയെ പട്ടാമ്പി പാലത്തിനുസമീപം ഭാരതപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കളും പൊലീസും പറയുന്നു. ഇവർ അസുഖത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു. അതേസമയം, യുവതി പട്ടാമ്പിയിൽ എങ്ങനെ എത്തിയതെന്നതിനെക്കുറിച്ച് വ്യക്തതയില്ല.

തൃത്താല സ്റ്റേഷൻ ഹൗസ് ഓഫീസർ സി. വിജയകുമാർ, പേരാമംഗലം പൊലീസ് ഇൻസ്പെക്ടർ വി. അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഹരിതയുടെ ബാഗും രേഖകളടങ്ങിയ മറ്റൊരു കവറും തെരുവുനായകൾ കടിച്ചുപറിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *