പാലക്കാട് : സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. ഒലവക്കോട് ബൈക്ക് മോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഒലവക്കോട്ടെ ബാറിന് സമീപം നിർത്തിയ ബൈക്ക് മോഷ്ടിച്ചെന്ന് തെളിഞ്ഞപ്പോഴാണ് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതെന്ന് സൂചന. ബൈക്ക് മോഷ്ടിച്ച ആളിനെ കണ്ടെത്തി സ്വയം നിയമം കൈയിലെടുക്കുകയായിരുന്നു. പ്രദേശത്തെ ഓട്ടോറിക്ഷാക്കാരാണ് കൊലപതാകം നടത്തിയ മൂന്ന് പേരെ പൊലീസിന് കൈമാറിയത്.

മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. 3 പേരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിന് മുന്നിൽ ബൈക്ക് നിർത്തി മദ്യപിക്കാൻ പോയ സംഘം തിരിച്ചെത്തിയപ്പോൾ ബൈക്ക് ഉണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി പരിശോധിച്ചു. ഒരാൾ ബൈക്ക് തള്ളിക്കൊണ്ടു പോകുന്നത് അവർ മനസ്സിലാക്കി. പിന്നീട് സ്ഥല പരിശോധന നടത്തി. സിസിടിവിയിൽ കണ്ട യുവാവിനെ പരിസരത്ത് നിന്ന് തന്നെ കണ്ടെത്തി. തുടർന്ന് റഫീഖിനെ ചോദ്യം ചെയ്തു. ബൈക്ക് എടുത്തിട്ടില്ലെന്ന് പറഞ്ഞതോടെ മർദ്ദിക്കുകയായിരുന്നു.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ട്. ഇവരെ ഉടനെ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു. റഫീഖിനെതിരെ മോഷണ കുറ്റം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബൈക്ക് മോഷ്ടിച്ചത് റഫീഖ് തന്നെയാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *