ഒന്നര വയസ്സുള്ള മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തി യുവതി. തമിഴ്നാട്ടിലെ മാർത്താണ്ഡത്തിനു സമീപത്തുള്ള കുളക്കച്ചിയിലാണ് സംഭവം. കുളക്കച്ചി സ്വദേശി ജഗദീഷിന്റെ ഭാര്യ കാർത്തിക(33)യാണ് മകൻ ശരണിനെ കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്ത് മാരായപുരം സ്വദേശി സുനിലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

നാലും ഒന്നരയും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് യുവതി. ഭർത്താവിനൊപ്പം താമസിക്കുന്ന കാർത്തിക, കാമുകനുമായുള്ള ബന്ധത്തിന് തടസമാകുമെന്ന് കണ്ടാണ് രണ്ട് കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചത്. മക്കൾക്ക് പായസത്തിൽ വിഷം കലർത്തി കൊടുക്കുകയായിരുന്നു. മൂത്ത കുട്ടി രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകുന്നേരം വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന മകൻ പെട്ടന്ന് അബോധാവസ്ഥയിലായതായി കാർത്തിക ജഗദീഷിനു വിവരം നൽകി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംശയം തോന്നിയ അയൽക്കാർ പോലീസിൽ വിവരമറിയിച്ചു. മാർത്താണ്ഡം പോലീസ് നടത്തിയ അന്വേഷണത്തിൽ കാർത്തിക പായസത്തിൽ വിഷംകലർത്തി രണ്ടു കുട്ടികൾക്കും നൽകിയതാണെന്നു തെളിഞ്ഞു. സുനിലുമായുള്ള ബന്ധത്തിന് കുട്ടികൾ തടസ്സമായപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കാർത്തിക പോലീസിനോടു പറഞ്ഞു.

കാർത്തിക ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് സുനിലുമായി അടുപ്പത്തിലായത്. ബന്ധം തുടരുന്നതിനിടെയാണ് കാർത്തിക വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും സുനിൽ അറിഞ്ഞത്. ഇതോടെ ബന്ധം തുടരാൻ സുനിൽ വിസമ്മതിച്ചു. തുടർന്നാണ് കുട്ടികൾക്കു വിഷം നൽകിയതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *