അടിമാലി: മൂന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി സിനിമാനടൻ ബാബുരാജ് കബളിപ്പിച്ചതായി വ്യവസായിയുടെ പരാതി. ഒന്നരമാസം മുൻപ് കോടതി നിർദേശപ്രകാരം ബാബുരാജിന്റെ പേരിൽ കേസെടുത്ത അടിമാലി പോലീസ് തുടർനടപടി സ്വീകരിച്ചില്ല. ഇത് കാണിച്ച് പരാതിക്കാരൻ വെള്ളിയാഴ്ച കോടതിയിൽ പരാതി നൽകി. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുൺകുമാറാണ് പരാതിക്കാരൻ.

മൂന്നാർ കമ്പിലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോർട്ടുമായി ബന്ധപ്പെട്ടാണ് അരുൺകുമാറിന്റെ പരാതി. 2020 ജനുവരിയിൽ ഈ റിസോർട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നൽകി. 40 ലക്ഷം രൂപ കരുതൽധനമായി വാങ്ങുകയും ചെയ്തു. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ഒറ്റദിവസംപോലും റിസോർട്ട് തുറക്കാനായില്ല. 2021-ൽ തുറക്കാൻ തീരുമാനിച്ചു. സ്ഥാപന ലൈസൻസിനായി പള്ളിവാസൽ പഞ്ചായത്തിൽ അപേക്ഷ നൽകി. എന്നാൽ റിസോർട്ട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം സാധുവല്ലെന്നും ഈ ഭൂമി വർഷങ്ങൾക്ക് മുൻപ് റവന്യുവകുപ്പ് നടപടി സ്വീകരിച്ചതാണെന്നും ലൈസൻസ് നൽകാൻ കഴിയില്ലെന്നും പഞ്ചായത്ത് മറുപടി നൽകി. മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ്. ഇതിൽ അഞ്ചുകെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിട്ടുള്ളത്.

ബാബുരാജിന് നൽകിയ 40 ലക്ഷം രൂപ അരുൺ തിരികെ ആവശ്യപ്പെട്ടു. എന്നാൽ പല അവധി പറഞ്ഞെങ്കിലും തുക നൽകിയില്ലെന്ന് അരുൺ പരാതിയിൽ പറയുന്നു. 2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിയ്ക്കൽ നോട്ടീസ്‌ നൽകിയിരുന്നെന്നും ഇതും മറച്ചുവെച്ചാണ് ബാബുരാജ് താനുമായി കരാറിൽ ഏർപ്പെട്ടതെന്നും അരുൺകുമാർ ആരോപിക്കുന്നു. ഇതേത്തുടർന്ന് അരുൺ കഴിഞ്ഞ മാർച്ചിൽ അടിമാലി കോടതിയിൽ ബാബുരാജ് തന്നെ വഞ്ചിച്ചെന്ന് കാണിച്ച് പരാതി നൽകി. പരാതി സ്വീകരിച്ച കോടതി അടിമാലി പോലീസിനോട് വഞ്ചനാ കുറ്റത്തിന് കേസ് എടുക്കാൻ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *